മാരിവിൽ പ്രണയ ലേഖനങ്ങൾ – 1
നിനക്കായുള്ള കാത്തിരിപ്പിലാണ്. നേരം വൈകിയ ഒരു വൈകുന്നേരത്ത് നമ്മൾ വീണ്ടും കണ്ടുമുട്ടും. പെയ്ത് ക്ഷീണിച്ച മഴയും കണ്ണടച്ച് മയക്കത്തിലേക്ക് വീഴുന്ന സൂര്യനും പിന്നെ നമ്മളും. കാലം ഭൂത കണ്ണടിയിലൂടെ നമ്മളെ നോക്കും. ആ കാഴ്ചയെ ഇരുട്ടുകൊണ്ട് മൂടി നമ്മൾ കാതങ്ങൾക്കപ്പുറം ഓടിയകലും. പിന്നെ ഒരിക്കലും മടങ്ങിയെത്തില്ലാത്ത ആ യാത്രയിൽ വിരലുകളാൽ നാം പരസ്പരം ബന്ധിക്കപ്പെടും.
മുന്നോട്ടേക്കുള്ള യാത്രയിൽ സഹാറയിലെ മണൽകാറ്റും ആർട്ടിക്കിലെ ഹിമകാറ്റും നമുക്ക് കവചം ഒരുക്കും. നമ്മുടെ പ്രണയത്തിൽ ആമസോണിൽ കാട്ടുതീ ആളിപടരും. നൈലിനോ മിസിസിപ്പിക്കോ അതിനെ പിടിച്ചുകെട്ടാൻ സാധിക്കില്ല. പ്രപഞ്ചത്തിൽ മറ്റൊരു മഹാവിസ്ഫോടനം സംഭവിക്കും. പതയുണ്ടാകും,,,അണുവുണ്ടാകും,.. ജീവനുണ്ടാകും. ജീവന്റെ ജീവനായി നമ്മൾ അവശേഷിക്കും.
ചരിത്രം വീണ്ടും രണ്ടായി വിഭജിക്കപ്പെടും. നമ്മുടെ ഒന്നാകലിന് മുൻപും പിൻപും. എശയ്യായും മോശയും അഹറോനുമെല്ലാം വീണ്ടും വരും. സ്നാപക യോഹന്നാനും വരും. ക്രിസ്തു മാത്രം ഇനി ഒരിക്കൽകൂടിയില്ലായെന്ന് പറഞ്ഞ് ഒഴിഞ്ഞുമാറും. പകരം കടലിലും കരയിലും നിലയുറപ്പിച്ച ഒരു ദൂതൻ പ്രത്യക്ഷപ്പെടും. ഏഴ് നക്ഷത്രങ്ങളാൽ വലയം ചെയ്യപ്പെട്ട ആ ദൂതനാകും നമ്മളെ കൂട്ടികൊണ്ടുപോവുക. ഇടിമിന്നൽ പോലെയായിരിക്കും കുതിരയുടെ കുളമ്പടി ശബ്ദം. ലോകം നിശ്ചലമായി നമ്മിലേക്ക് മാത്രം നോക്കും.
സ്വർണം പൂശിയ താഴികകുടമുള്ള കൊട്ടാരത്തിലേക്ക് ആ ഒറ്റവാതിൽ കോട്ട കടന്നു ചെല്ലുമ്പോൾ നമ്മൾ ഒറ്റ ശരീരമായിട്ടുണ്ടാകും. ദൂതൻ കണ്ണടച്ചു നിൽക്കും. ആ നിൽപ്പ് നൂറ്റാണ്ടുകളും കോടി പ്രകാശ വർഷങ്ങളും കഴിഞ്ഞും അങ്ങനെ തന്നെ തുടരും. കാരണം മാംസം മാംസത്തോടും എല്ലുകൾ എല്ലുകളോടും ചേർന്ന് കഴിഞ്ഞിരുന്നു. വേർപിരിച്ചെടുക്കാൻ സാധിക്കാത്ത വിധം.