മാരിവിൽ പ്രണയ ലേഖനങ്ങൾ – 2
ഭൂതകാലത്തിൽ നീ കുറിച്ചിട്ട കവിതയിൽ നിന്ന് അക്ഷരങ്ങൾ കൊഴിഞ്ഞുതുടങ്ങിയിരിക്കുന്നു. മുടി നരച്ചിട്ടും തുടി നിലയ്ക്കാത്ത പ്രണയമാണ് എനിക്ക് നിന്നോട്. ഓക്കുമരങ്ങളിൽ നിന്ന് ഇറ്റുവീഴുന്ന മഞ്ഞുനീർ തുള്ളിയാണ് അത്. ചുളുങ്ങിയിട്ടും നിറം മങ്ങാത്ത തൂവെള്ള കടലാസുപോലെ. നിന്റെ രതിയുടെ നിറചാർത്തിനായുള്ള കാത്തിരിപ്പിലാണ് തൂവെള്ള കടലാസും തൂമഞ്ഞ് കൂനയും. ഇനി എപ്പോഴാണ് ഇവിടെ വസന്തം വിരിയുക. കാൽവരി പൂവിന്റെ മഞ്ഞയോടും ടൂലിപ്സിന്റെ ചുവപ്പിനോടും ചേരാൻ അവ കാത്തിരിക്കുന്നു.
ഈ രാവും ഇങ്ങനെ കടന്നുപോകട്ടെ. പാതി വിരിഞ്ഞ നിശാഗന്ധിയുടെ മണമാണ് ഇതിന്. ഇരുട്ടും തോറും അതിന്റെ മൂർച്ഛ കൂടി വരുന്നപോലെ. എന്നിലെ അടങ്ങാത്തെ തൃഷ്ണയെ ആ ഗന്ധം കുത്തിയെഴുന്നേൽപ്പിക്കുന്നു. പിടികൊടുക്കാതിരിക്കാൻ ശ്രമിക്കും. എന്നാൽ, എത്ര നേരമെന്ന് കൃത്യമായി പറയാൻ എനിക്ക് ആകില്ല.
അതിരാവിലെ ഓക്കുമരങ്ങൾക്കിടയിലൂടെ ഞാൻ വീണ്ടും നടത്തം ആരംഭിക്കും. അത്രക്കീസ് രാജവംശത്തിന്റെ അവശേഷിപ്പുകൾക്കിടയിൽ നിന്ന് ആ പഴയ കവിത ഞാൻ തിരഞ്ഞുപിടിക്കും. ഭൂതകാലത്തിൽ നീ എനിക്കായി എഴുതിയ ആ ആറുവരി കവിത. കൊഴിഞ്ഞുപോയ അക്ഷരങ്ങളെ ഞാൻ പെറുക്കിയെടുക്കും. എന്റെ രക്തത്തിന്റെ കറയിൽ അവയെ കൂട്ടിച്ചേർക്കും. അപ്പോൾ വസന്തം വിരിയും. കിഴക്ക് സൂര്യനും പടിഞ്ഞാറ് ചന്ദ്രനുമെത്തും. മഞ്ഞ കാൽവരി പൂക്കൾ കൗമരത്തിൽ നിന്ന് അതിവേഗം യൗവനത്തിലേക്ക് കുതിക്കും.