മാരിവിൽ പ്രണയ ലേഖനങ്ങൾ – 3
നീ അവശേഷിപ്പിക്കുന്ന ശൂന്യത പോലും എത്ര സുന്ദരമാണ്. എന്നെ ഉറങ്ങാൻ അനുവദിക്കാതെ, സ്വപ്നങ്ങൾക്ക് ഇടം നൽകാതെ, മനസും ഈ മുറിയും അത് കീഴടക്കി വെച്ചിരിക്കുന്നു. കാലത്തെയും നിശ്ചലമാക്കുംവിധം കാറ്റിനെ പോലും നിയന്ത്രിക്കുന്നു. ഇരുളിലാണ് ഞാൻ, എത്ര ശ്രമിച്ചിട്ടും കണ്ണ് തുറക്കാൻ സാധിക്കുന്നില്ല. തെയ്യകഥകളിലെ ചുവപ്പും, ഈ നഗരത്തിന്റെ മഞ്ഞപ്പും ഞാൻ തേടുന്നു. കണ്ടുമുട്ടിയ ആദ്യ ദിവസങ്ങളിൽ എന്നെ നിന്നിൽ തേടിയ അതേ തൃഷ്ണയോടെ…ഉത്സാഹത്തോടെ…ആർത്തിയോടെ… സുന്ദരമാണ് ആ തിരയലും. നീ ഒന്നും ബാക്കിയാക്കുന്നില്ലല്ലോ? ബാക്കിയാക്കിയതൊക്കെയും പൂർത്തിയാക്കുകയല്ലേ…!
നീ കൊറിയിട്ട വരികളെന്റെ മനസിൽ ഇപ്പോഴും ഒരു മുറിവായി അവശേഷിക്കുന്നു. മുറിവ് തന്നെ മരുന്നാകും. മറവിയെയും ചികിത്സിക്കുന്ന മരുന്ന്! നീറി നീറിയതൊരു കനലാകും, കനവിനെയും ജ്വലിപ്പിക്കുന്ന കനല്!
പിന്നെ ചാരമാകും… മുറിവും മറവിയും കനലും കനവുമെല്ലാം ചാരമാകും…! ചാരത്തിലും നീ എന്റെ ചീരുവായിരിക്കും.
നീ പറഞ്ഞ പോലെ ഒരിക്കലും വരച്ച് മുഴുവിപ്പിക്കാൻ സാധിക്കാത്ത ഒരു ചിത്രമാണ് നമ്മൾ. ഒന്നും പൂർത്തിയാകാൻ ഞാനും നീയും ആഗ്രഹിക്കുന്നില്ലല്ലോ? എല്ലാം തുടങ്ങാം…തുടരാം…പൂർത്തിയാക്കേണ്ടത് കാലമാണ്. ഒന്ന് ജനിക്കുന്നതും വളരുന്നതും മരിക്കുന്നതും കാലത്തിലാണ്. ഛേദിക്കപ്പെടുന്നത് അനുഭവങ്ങളാണ്. അവിടെ അവശേഷിക്കുന്നതൊക്കെയും കാലത്തിന്റെ കാവ്യനീതിയാകും.
നീ ബാക്കിവെച്ചതൊക്കെയും എന്നെ വേട്ടയാടുന്നു. ഉന്മാദത്തിന്റെ കഥകളും ഉയിരായ പെൻഗ്വിനും ഉൾക്കാഴ്ച തേടും കണ്ണടയും. നിന്റെ ചൂടും ചൂരുമുണ്ട് ഇവിടെയെല്ലാത്തിനും. അത് എന്നെ ദഹിപ്പിച്ചുകളയുന്നു. ഉരുകിയൊലിക്കുകയാണ് നിന്റെ ചുംബനങ്ങളേറ്റ ഇടങ്ങളെല്ലാം. ഉടയോനെ തിരയുകയാണ് എന്റെ ആത്മാവ്. വാക്കുകളില്ലാത്ത എഴുത്തുകാരനെ പോലെ…